Tuesday, October 20, 2009

ഉടുതുണിയില്ലാതെ കൂവാനിറങ്ങുന്നവരോട്...

രു വിവരവുമില്ലാത്ത കാര്യത്തില്‍ പാണ്ഡിത്യ പ്രകടനം നടത്താന്‍ ഉളുപ്പില്ലാത്ത ആളായിരുന്നു എന്ന് വിമര്‍ശിച്ച് എഴുതിവെയ്ക്കുന്നതത്രയും വിവരക്കേടുകളായാലോ? ഏതിനെയാണ് ഉളുപ്പില്ലായ്മ എന്ന് വിശേഷിപ്പിക്കേണ്ടത് എന്നറിയാതെ നാം ബുദ്ധിമുട്ടിപ്പോകും. കാലിക്കോസെന്‍ട്രിക് എന്ന  ബ്ലോഗെഴുതുന്ന കാലിക്കട്ടര്‍ എന്ന ബ്ലോഗറുടെ ഈ എം എസ് വിമര്‍ശനം വായിക്കുമ്പോഴാണ് ഉളുപ്പില്ലായ്മയ്ക്ക് വിമര്‍ശനം എന്നു കൂടി പര്യായമുണ്ടെന്ന് അറിയുന്നത്. 

രാജവാഴ്ചയുമായി നേര്‍ക്കുനേര്‍ ബന്ധപ്പെട്ടതാണ് അരുളിച്ചെയ്യുക എന്ന പദം. എതിര്‍വായില്ലാത്ത തിരുവാ. രാജാവ് അരുളിച്ചെയ്തു കഴിഞ്ഞാല്‍ അനുസരിക്കുക എന്നൊരു കടമയേ പ്രജയ്ക്കുളളൂ. 

കാലിക്കട്ടര്‍ എഴുതുന്നു : 
"മലയാളവും ഇംഗ്ലീഷും മലയാള പരിഭാഷയും ഒക്കെ എങ്ങനെ വേണമെന്ന് ഇദ്ദേഹം അരുളിച്ചെയ്യുന്നത് നല്ല ഫലിതമാണ്. Ideology എന്ന പദത്തിന് കമ്യൂണിസ്റ്റുകാര്‍ക്കും ബൂര്‍ഷ്വാകള്‍ക്കും ഒരുപോലെ പ്രത്യയശാസ്ത്രം എന്ന പരിഭാഷ ഉണ്ടാവുന്നത് പണ്ട് ഇദ്ദേഹത്തില്‍ തിരുവുള്ളക്കേടുണ്ടാക്കി."
മലയാളം, ഇംഗ്ലീഷ്, മലയാളം പരിഭാഷ എന്നിവയില്‍ ഒരു സര്‍വജ്ഞാനിയുടെ ഭാവം കാലിക്കട്ടര്‍ക്കുണ്ട്. പണ്ഡിതനായ കാലിക്കട്ടര്‍ക്ക് അജ്ഞനും മൂഢനുമായ ഇഎംഎസിന്റെ നിലപാടുകള്‍ ഓര്‍ക്കാനമുണ്ടാക്കുകയാണ്. അതിലുളള കയ്പും കലിയും ബ്ലോഗില്‍ കുത്തിയൊഴുക്കാന്‍ അദ്ദേഹത്തിന് തീര്‍ച്ചയായും സ്വാതന്ത്ര്യമുണ്ട്. ഇഎംഎസ് വിമര്‍ശനത്തിന് അതീതനല്ലാത്തതു പോലെ കാലിക്കട്ടറും വിമര്‍ശനത്തിന് അതീതനല്ല. 

ന്യായം അതാണെങ്കില്‍ "മലയാളവും ഇംഗ്ലീഷും മലയാള പരിഭാഷയും ഒക്കെ എങ്ങനെ വേണമെന്ന് ഇദ്ദേഹം അരുളിച്ചെയ്യുന്നത് നല്ല ഫലിതമാണ്" എന്നൊരു വാചകം ഒരു ഭാഷാപണ്ഡിതനില്‍ നിന്ന് പിറക്കുമോ എന്ന് സംശയിക്കണം. മലയാളവും ഇംഗ്ലീഷും മലയാള പരിഭാഷയും ഒക്കെ എങ്ങനെ വേണമെന്ന ഇദ്ദേഹത്തിന്റെ അരുളിച്ചെയ്യല്‍ നല്ല ഫലിതമാണെന്ന വാക്യത്തിന്റെ ഭംഗിയും വെടിപ്പും മേലുദ്ധരിച്ച കാലിക്കട്ടറുടെ വാക്യത്തിനുണ്ടോയെന്ന് ഭാഷാപണ്ഡിതര്‍ പറയട്ടെ. ഏതായാലും  വ്യാകരണത്തെക്കുറിച്ച് സാമാന്യ ധാരണയെങ്കിലുളള ഒരാള്‍ ഇങ്ങനെയെഴുതുന്ന കാര്യം സംശയമാണ്.. 

ലയാളത്തിലെന്നല്ല, ഇംഗ്ലീഷിലുമുളള കാലിക്കട്ടറുടെ വിജ്ഞാനം എത്രയെന്ന് നമുക്ക് ഇനി പരിശോധിക്കാം . ഐഡിയോളജിയുടെ പരിഭാഷയിലേയ്ക്ക് തിരികെ: പ്രത്യയശാസ്ത്രം എന്ന പദത്തിന്റെ അര്‍ത്ഥപരിണാമത്തെക്കുറിച്ച്  ഗ്രാംഷിയന്‍ വിചാര വിപ്ലവം എന്ന പുസ്തകത്തില്‍ ഇഎംഎസും ഗോവിന്ദപ്പിളളയും വളരെ വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. അതീവ സങ്കീര്‍ണവും സന്ദര്‍ഭം അനുസരിച്ച് വിവിധങ്ങളും ചിലപ്പോള്‍ പരസ്പര വിരുദ്ധവുമായ അര്‍ത്ഥ കല്‍പനകള്‍ ഉളളതുമായ വാക്കാണ് ഐഡിയോളജി എന്നും അതിന്റെ അര്‍ത്ഥവ്യാപ്തിയെയും അര്‍ത്ഥതലങ്ങളെയും ധ്വനിപ്പിക്കാന്‍ പ്രത്യയശാസ്ത്രം എന്ന പദത്തിന് കഴിയുമോ എന്നും ആ പുസ്തകത്തില്‍ സന്ദേഹം ഉയര്‍ത്തുന്നുണ്ട്. 

അതിങ്ങനെ :
അതുകൊണ്ട് മലയാളത്തില്‍ ചിരപരിചിതമായിക്കഴിഞ്ഞ പ്രത്യയശാസ്ത്രത്തോടൊപ്പം ഐഡിയോളജി എന്ന ഇംഗ്ലീഷ് പദവും ഇടകലര്‍ത്തി ഉപയോഗിക്കുകയാണ് യുക്തി എന്ന് തോന്നുന്നു.. മലയാള വ്യവഹാരത്തില്‍ ഈ വാക്ക് പ്രവേശിച്ചത് സമീപകാലത്തായതു കൊണ്ടാകാം മലയാളത്തിലെ അംഗീകൃത നിഘണ്ടുക്കളിലോ വിജ്ഞാനകോശത്തിലോ അത് ഇനിയും സ്ഥാനം ലഭിക്കാതിരുന്നത്.
പ്രത്യയശാസ്ത്ര സങ്കല്‍പം ഗ്രാംഷിയന്‍ ചിന്തയില്‍ വളരെ പ്രധാനമാണെങ്കിലും അതിന് പുതിയ അര്‍ത്ഥങ്ങളൊന്നും കണ്ടുപിടിക്കേണ്ട കാര്യം അദ്ദേഹത്തിനില്ല. അത്രമാത്രം വൈവിദ്ധ്യമാര്‍ന്നതാണ് അതിന് നിലവിലുളള അര്‍ത്ഥവ്യാപ്തി. അവയില്‍ തന്റെ വാദമുഖങ്ങള്‍ക്ക് ആവശ്യമായത് തിരഞ്ഞെടുക്കുകയേ വേണ്ടൂ. പുതിയ തലമുറയിലെ പ്രശസ്ത ഇംഗ്ലീഷ് മാര്‍ക്സിസ്റ്റ് ദാര്‍ശനികനും സൗന്ദര്യ ശാസ്ത്രജ്ഞനുമായ ടെറി ഈഗിള്‍ടണ്‍ പ്രത്യയശാസ്ത്രമെന്ന പദത്തിന് ഇപ്പോള്‍ പ്രചാരത്തിലുളള 16 അര്‍ത്ഥങ്ങള്‍ നല്‍കുന്നുണ്ട്. അവയില്‍ ചിലവ പരസ്പരം പൊരുത്തപ്പെടാത്തതാണ് എന്നു മാത്രമല്ല, ചിലപ്പോള്‍ കടകവിരുദ്ധവുമാണ്...  (ഗ്രാംഷിയന്‍ വിചാര വിപ്ലവം പേജ് 34) 
ഒരല്‍പം ആശയക്കുഴപ്പം ഈ വാചകങ്ങള്‍ക്കുണ്ട്.  ടെറി ഈഗിള്‍ടന്റെ Ideology: An Introduction ല്‍  16 അര്‍ത്ഥങ്ങള്‍ നല്‍കിയിരിക്കുന്നത് പ്രത്യയശാസ്ത്രം എന്ന വാക്കിനല്ല, ഐഡിയോളജി എന്ന ഇംഗ്ലീഷ് വാക്കിനാണ്. ഐ‍ഡിയോളജിയ്ക്ക് ഈഗിള്‍ടണ്‍ നല്‍കിയ 16 അര്‍ത്ഥങ്ങളെയും മലയാളത്തില്‍ പ്രത്യയശാസ്ത്രം എന്ന ഒറ്റവാക്കുകൊണ്ട് പ്രതിനിധീകരിക്കാനാവുമോ എന്ന സംശയമാണ് ഇഎംഎസ് ഉയര്‍ത്തിയത് എന്ന്  മനസിലാകാന്‍ ഉത്തരാധുനിക സാഹിത്യവിമര്‍ശനത്തിലോ ഇംഗ്ലീഷിലോ ബിരുദാനന്തരബിരുദമൊന്നും വേണ്ട. 

കാലിക്കട്ടര്‍ നല്‍കുന്ന തെളിവില്‍ നിന്ന് നമുക്ക് ഇഎംഎസിന്റെ വാദങ്ങളെ അതിന്റെ സമഗ്രതയില്‍ നോക്കാം. അദ്ദേഹം ഉദ്ധരിക്കുന്ന വാചകം ഇതാണ് :
"ഐഡിയോളജിക്കുള്ള ഈ വിപ്ലവകരമായ ഉള്ളടക്കമാകെ നശിപ്പിച്ച് പരസ്പരവിരുദ്ധമായ രണ്ട് ഐഡിയോളജികളെ പ്രത്യയശാസ്ത്രമെന്ന പദപ്രയോഗത്തിന്മേല്‍ ഒതുക്കിനിര്‍ത്താന്‍ ശ്രമിക്കുന്നത് വലിയ ഒരു സാഹസം തന്നെ."
ഇഎംഎസ് എന്താണ് അര്‍ത്ഥമാക്കിയതെന്ന് അറിയണമെങ്കില്‍ എഴുതിയത് മുഴുവന്‍ വായിക്കണം
"...ഒന്നുകില്‍ ഭരണവര്‍ഗത്തിന്റെ അല്ലെങ്കില്‍ ചൂഷിത വിഭാഗങ്ങളുടെ ആശയാഭിലാഷങ്ങള്‍ക്ക് രൂപം നല്‍കുന്നതാണ് ഐഡിയോളജി. അതുകൊണ്ട് വ്യക്തമായ രണ്ട് ഐഡിയോളജികള്‍ വര്‍ഗസമൂഹത്തിന്റെ ഉത്ഭവം തൊട്ട് കമ്മ്യൂണിസ്റ്റ് സമൂഹം നിലവില്‍ വരുന്നതു വരെ പരസ്പരം ഏറ്റുമുട്ടുന്നു. പരസ്പരവിരുദ്ധമായ ഈ ഐഡിയോളജികള്‍ തമ്മിലുളള ഏറ്റുമുട്ടലിനെ സൂചിപ്പിച്ചു കൊണ്ടാണ് മാര്‍ക്സിസ്റ്റുകാര്‍ ഐഡിയോളജിയുടെ പ്രശ്നം എപ്പോഴും കൈകാര്യം ചെയ്തിട്ടുളളത്. (ഭരണവര്‍ഗത്തിന്റെ ഐഡിയോളജിയ്ക്ക് പ്രാമുഖ്യം നേടിക്കൊടുക്കുന്നതിന്റെ പ്രാധാന്യം ഊന്നിപ്പറയുന്ന ലെനിന്റെ 'എന്തു ചെയ്യണം' ഒരുദാഹരണമാണ്). ഐഡിയോളജിയ്ക്കുളള ഈ വിപ്ലവകരമായ ഉളളടക്കമാകെ നശിപ്പിച്ച് പരസ്പര വിരുദ്ധമായ രണ്ട് ഐഡിയോളജികളെ പ്രത്യയശാസ്ത്രമെന്ന ഒറ്റ പ്രയോഗത്തില്‍ ഒതുക്കി നിര്‍ത്താന്‍ ശ്രമിക്കുന്നത് വലിയൊരു സാഹസം തന്നെ."
ഇഎംഎസിന്റെ ഈ അഭിപ്രായത്തെയാണ് അരുളിച്ചെയ്യല്‍, തിരുവുളളക്കേട് എന്നീ നിന്ദ്യ പദങ്ങളാല്‍ കാലിക്കട്ടര്‍ വിശേഷിപ്പിക്കുന്നത്. ഐഡിയോളജിയ്ക്ക് കമ്മ്യൂണിസ്റ്റുകാര്‍ക്കും ബൂര്‍ഷ്വകള്‍ക്കും വെവ്വേറെ പദം വേണമെന്ന നിലപാടാണ് ഇഎംഎസിനുളളത് എന്ന കാലിക്കട്ടറുടെ അതിവായനയ്ക്ക്, വിവരക്കേട് എന്ന വിശേഷണം അര്‍ഹിക്കുന്നുണ്ടോയെന്ന് വിവരമുളളവര്‍ തീരുമാനിക്കട്ടെ. 

കപടാവബോധം, തലതിരിഞ്ഞ ബോധം എന്നീ അര്‍ത്ഥങ്ങളില്‍ പ്രത്യയശാസ്ത്രം (ഐഡിയോളജി) എന്ന പദം ഉപയോഗിച്ചിരുന്നതായി ഗ്രാംഷിയന്‍ വിചാരവിപ്ലവത്തിലെ ഗ്രാംഷിയുടെ പ്രത്യയശാസ്ത്രം എന്ന അധ്യായത്തില്‍ പി.ജിയും ഇ.എം.എസും  പറയുന്നുണ്ട്. ഹെഗലുമായി നടന്ന വാദപ്രതിവാദങ്ങളില്‍ മാര്‍ക്സും ഏംഗല്‍സും പ്രത്യയശാസ്ത്രം (ഐഡിയോളജി) എന്ന പദത്തിന് നല്‍കിയിരുന്ന അര്‍ത്ഥമല്ല കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ ഉളളതെന്നും അവര്‍ വിശദീകരിക്കുന്നു. അര്‍ത്ഥ കല്‍പന തികച്ചും തിരസ്കരിക്കാതെ ഊന്നലില്‍ വ്യത്യാസം വരുത്തിയത് ചുണ്ടിക്കാട്ടുന്നത് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെ വാചകങ്ങള്‍ ഉദ്ധരിച്ചു കൊണ്ടാണ്. ആശയങ്ങളുടെ ഉത്ഭവവികാസങ്ങളെയും അപഗ്രഥനത്തെയും സംബന്ധിച്ച അന്വേഷണത്തിന്റെ പേരായിരുന്നു ആദ്യം ഐഡിയോളജിയെന്നും സവിശേഷമായ ആശയങ്ങളുടെയും വിശ്വാസങ്ങളുടെയും കര്‍മ്മപദ്ധതികളുടെയും സമുച്ചയത്തിനും  ആ പേര് ബാധകമായത് പിന്നീടാണെന്നും ലേഖനം നിരീക്ഷിക്കുന്നു. 

വാക്കുകളുടെ അര്‍ത്ഥം നിഘണ്ടുവില്‍ ഒതുങ്ങി നില്‍ക്കില്ലെന്ന് ഒരുവിധം ബോധമുളള ആര്‍ക്കും ഇന്ന് അറിയാം. ഈഗിള്‍ടന്റെ Ideology: An Introductionല്‍ ഐഡിയോളജി എന്ന പദത്തിന് നല്‍കുന്ന പതിനാറ് അര്‍ത്ഥങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിക്കുന്നത് പതിനാറോ അതിലധികമോ ആശയങ്ങളെ ആയിരിക്കും. സാമൂഹിക വ്യവഹാരങ്ങളുടെ ഘടനയും സ്വഭാവവും മാറുന്നതിന് അനുസരിച്ച് പതിനാറ് മുപ്പത്തി രണ്ടായും അറുപത്തിനാലായും ഇരട്ടിക്കാനുളള സാധ്യതയും തളളിക്കളയാനാവില്ല. 

വസ്തുത അതായിരിക്കെ, ഐഡിയോളജി എന്ന പദത്തില്‍ അന്തര്‍ലീനമായിരിക്കുന്ന വിപ്ലവകരമായ എല്ലാ ഉളളടക്കങ്ങളെയും പ്രത്യയശാസ്ത്രം എന്ന ഒറ്റപ്പദത്തില്‍ ഒതുക്കുന്നത് സാഹസികമായിരിക്കും എന്ന നിരീക്ഷണം എങ്ങനെയാണ് “ഒരു വിവരവുമില്ലാത്ത കാര്യത്തിലെ  പാണ്ഡിത്യപ്രകടന”മാകുന്നത് ?

പ്രത്യയശാസ്ത്രത്തിന് പകരം ഏത് പദമാണ് ഐഡിയോളജിക്കു പറ്റുക എന്നു ചോദിച്ചാല്‍ എല്ലായിടത്തും ഒരുപോലെ ബാധകമാക്കാന്‍ പറ്റുന്ന ഒറ്റപ്പദമുണ്ടാക്കാന്‍ പറ്റുകില്ല എന്നാണ് എന്റെ ഉത്തരം എന്ന് ഇഎംഎസ് പറഞ്ഞത് കാലിക്കട്ടര്‍ കണ്ടില്ല.  

കാലിക്കട്ടറുടേത് വിമര്‍ശനമല്ല വിലകുറഞ്ഞ വ്യക്തിവിദ്വേഷത്തിന്റെ പുളിച്ചു തികട്ടലാണ് എന്ന് തെളിയിക്കുന്ന വാദം നോക്കുക: "നേന്ത്രക്കായും വാഴപ്പഴവും സാമാന്യസവിശേഷദ്വന്ദ്വങ്ങളാല്‍ സ്ഫുടീകരിച്ചെടുക്കുമ്പോള്‍  ബൂര്‍ഷ്വാ നേന്ത്രക്കായ്ക്കു പകരമായുള്ള കമ്യൂണിസ്റ്റ് നേന്ത്രക്കായ്ക്ക് വേറെ പദം ഇദ്ദേഹം അന്വേഷിക്കാതെ പോയത് കൈരളിയുടെ ഭാഗ്യക്കേട്."

തെമ്മാടിത്തരം എഴുതുന്നതിന് ഒരതിരൊക്കെ വേണ്ടേ ?  പ്രത്യയശാസ്ത്രം എന്ന ഒറ്റപ്പദം കൊണ്ട് എല്ലാ അര്‍ത്ഥത്തെയും ഉള്‍ക്കൊള്ളിക്കാന്‍ ശ്രമിക്കുന്ന സാഹസികതയ്ക്കെതിരെയുളള ഇഎംഎസിന്റെ വിമര്‍ശനത്തെ എങ്ങനെയാണ് നേന്ത്രക്കായും വാഴപ്പഴവും സാമാന്യസവിശേഷദ്വന്ദ്വത്താല്‍ സ്ഫൂടീകരിച്ചെടുക്കുന്ന "കണകുണ"യുമായി കൂട്ടിക്കെട്ടാനാവുക ? 


കാലിക്കട്ടറുടെ ഇംഗ്ലീഷ് ജ്ഞാനവും ബഹുകേമം തന്നെ. however, but എന്നീ വാക്കുകളെക്കുറിച്ച് ഇഎംഎസ് എഴുതിയതെന്തെന്ന് ആദ്യം വായിക്കുക..
ഹൗ എവര്‍ എന്ന ഇംഗ്ലീഷ് വാക്കുണ്ട്. അതിന് എന്തായാലും എന്ന അര്‍ത്ഥം ചിലേടത്ത് വരും. പക്ഷേ, ആ പദത്തിനു തന്നെ മറ്റൊരു അര്‍ത്ഥവുമുണ്ട്. ബട്ട് എന്ന പദത്തിന്റെ സ്ഥാനത്ത് അതുപയോഗിക്കാറുണ്ട്. ഈ അര്‍ത്ഥത്തില്‍ ഹൗ എവര്‍ ഉപയോഗിക്കുന്നത് എന്റെ ഇംഗ്ലീഷ് രചനകളില്‍ പതിവാണ്. ആ അര്‍ത്ഥത്തില്‍ ഞാനുപയോഗിച്ച ഹൗ എവറിന് എന്തായാലും എന്ന് തര്‍ജമ കണ്ടതായി അനുഭവമുണ്ട്. 
ഇതേക്കുറിച്ച് കാലിക്കട്ടറുടെ പരിഹാസം വായിക്കുക :
"താന്‍ ഇംഗ്ലീഷ് രചന നടത്തുമ്പോള്‍ ഉപയോഗിക്കുന്ന However ന് 'എന്തായാലും' എന്നു തര്‍ജ്ജമചെയ്തു കണ്ടതിനെപ്പറ്റി ഇ എം എസ് വിഷമിക്കുന്നു. തന്റെ ഇംഗ്ലീഷ് പാണ്ഡിത്യത്തെ ചില പരിഭാഷകര്‍ തെറ്റിച്ചവതരിപ്പിക്കുന്നതില്‍ നമ്പൂതിരിപ്പാട് വിഷണ്ണനാവേണ്ട കാര്യമില്ല. കാരണം ആ പരിഭാഷകര്‍ക്ക് ഇ എം എസ്സിനുള്ളതിനെക്കാള്‍ മെച്ചപ്പെട്ട ഭാഷാബോധമുള്ളതുകൊണ്ട് അവര്‍ ഊഹിക്കും however, but എന്നിവയൊക്കെ എന്തായാലും ഏതായാലും എങ്ങനെയായാലും ഒരേ ആശയമാണ് കണ്‍വേ ചെയ്യുന്നതെന്ന്. however എന്താണ്  but എന്താണ് എന്നൊന്നും ഒരു വിവരവുമില്ലാതെ മറ്റുള്ളവരെ തിരുത്താന്‍ അദ്ദേഹത്തെ പ്രാപ്തനാക്കിയ ഈ തൊലിക്കട്ടി ഇദ്ദേഹം തന്റെ ഭക്തര്‍ക്ക് ആവോളം പകര്‍ന്നു നല്കിയിട്ടുണ്ട്."
ലോകം കണ്ട ഏറ്റവും വലിയ ഇംഗ്ലീഷ് പണ്ഡിതനായ കാലിക്കട്ടര്‍ തീര്‍പ്പു കല്‍പ്പിക്കുന്നു, കാരണം ആ പരിഭാഷകര്‍ക്ക് ഇ എം എസ്സിനുള്ളതിനെക്കാള്‍ മെച്ചപ്പെട്ട ഭാഷാബോധമുള്ളതുകൊണ്ട് അവര്‍ ഊഹിക്കും however, but എന്നിവയൊക്കെ എന്തായാലും ഏതായാലും എങ്ങനെയായാലും ഒരേ ആശയമാണ് കണ്‍വേ ചെയ്യുന്നതെന്ന്.

ഇത് ശരിയാണോ ? ഒരു coordinating conjunction ആയ but എന്ന പദവും ഒരു  conjunctive adverb ആയ  however എന്ന പദവും അങ്ങനെ എന്തായാലും ഏതായാലും എങ്ങനെയായാലും ഒരേ ആശയമാണെന്ന് ഊഹിക്കുന്ന ഭാഷാവിദഗ്ധന്റെ തലയ്ക്കകം ‘കാലി’യാവണം.

ഈ പ്രയോഗവ്യത്യാസം വിശദമാക്കാന്‍ ചില ഉദാഹരണങ്ങള്‍ :
1. However far he may get, there'll be many that get further. 
2. Explaining things to this idiot, however, is a futile effort.
ഈ വാചകങ്ങളുടെ  തുടക്കത്തില്‍ ഉപയോഗിച്ചിരിക്കുന്ന However മാറ്റി പകരം but ഉപയോഗിച്ചു നോക്കുക. വ്യക്തിവിദ്വേഷമോ പ്രസ്ഥാനങ്ങളോടുള്ള കലിയോ തീര്‍ക്കാന്‍ എന്ത് വിവരക്കേടും പറയുന്ന  ഭാഷയില്‍  'കാലി'യായ ‘കട്ടര്‍’മാര്‍ക്കേ അതിനുള്ള തൊലിക്കട്ടിയുണ്ടാവൂ.

എന്നാല്‍ ,  He told me not to go; however, I went there. എന്ന വാചകത്തില്‍ however മാറ്റി പകരം but ഉപയോഗിച്ചാലും അര്‍ത്ഥം മാറില്ല.

However, but എന്നീ പ്രയോഗങ്ങള്‍ എല്ലായ്പ്പോഴും ഒരേ അര്‍ത്ഥത്തില്‍ ഉപയോഗിക്കാന്‍ കഴിയില്ലെന്ന് അപ്പര്‍ പ്രൈമറി ക്ലാസുകളില്‍  ഇംഗ്ലീഷ് ഗ്രാമര്‍ നന്നായി പഠിച്ചാല്‍ മനസിലാക്കാവുന്നതേയുളളൂ. ഇനി സ്കൂള്‍ ഗ്രാമറൊക്കെ ദഹിക്കാത്തവിധം മുറ്റിപ്പോയ പണ്ഡിതന് കണ്ട് കുളിരണിയാന്‍ ഓക്സ്ഫോഡിന്റെ  The New Fowler's Modern English Usageല്‍ നിന്ന് തന്നെ ഒരു വാചകം കൊടുക്കാം: Avoid at all costs the illiteracy of using however as a simple substitute for but, or of allowing a sentence to run on when However should have had a capital H at the start of a new sentence.

 താനുദ്ദേശിച്ച ആശയമല്ല, പരിഭാഷയില്‍ ചിലപ്പോഴെങ്കിലും  വരുന്നത് എന്ന എഴുത്തുകാരന്റെ സത്യവാങ്മൂലമാണ് ഇഎംഎസ് നല്‍കുന്നത്. ലേഖകന്‍ ഉദ്ദേശിച്ച അര്‍ത്ഥം പരിഭാഷയില്‍ നഷ്ടപ്പെടുന്നുവെന്ന ചൂണ്ടിക്കാട്ടലിനെ കളിയാക്കുന്നുവെങ്കില്‍ അത് ഉദാഹരണസഹിതം ആകണം. എന്നാല്‍ ഇംഗ്ലീഷ് വ്യാകരണം നന്നായി പഠിച്ച ഒരു ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥിയ്ക്കു പോലും പുച്ഛം തോന്നുന്ന തരത്തില്‍ തന്റെ സര്‍വജ്ഞാനം വിളമ്പുന്ന കാലിക്കട്ടറോട് അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. 

നിച്ചുവീണതേ ഓക്സ്ഫോഡ് സര്‍വകലാശാലയുടെ തിണ്ണയിലാണെന്ന് ഭാവിക്കുന്ന ‘കാലി’ വേറൊരിടത്ത് ‘കട്ട്’ ചെയ്ത് കൂട്ടിയ വിഡ്ഢിത്തം കൂടി ഈ സന്ദര്‍ഭത്തില്‍ നോക്കാം. കാലിക്കട്ടര്‍   ഇ.എം.എസിന്റെ ബനാനാ വിജ്ഞാനത്തെപ്പറ്റി എഴുതിക്കൂട്ടിയിരിക്കുന്നത്  ഇവിടെയും ഇവിടെയും വായിക്കാം.

"...വൈരുധ്യവാദകാഴ്ചപ്പാടിന്‍റെ സാമാന്യ-സവിശേഷ ദ്വന്ദ്വങ്ങളെ സമര്‍ത്ഥമായി പ്രയോഗിച്ച് നേന്ത്രപ്പഴമെന്ന സവിശേഷാര്‍ത്ഥം ഇ എം എസ് വേര്‍തിരിച്ചെടുത്തു." എന്ന് പറയുന്ന കാലിക്കട്ടര്‍ ധ്വനിപ്പിക്കുന്നത് "ബനാന"യെന്നാല്‍ നേന്ത്രപ്പഴമാണെന്ന് ഇ.എം.എസ് കരുതിയെന്നാണോ ?

എന്നാല്‍ , ഇ.എം.എസ് എഴുതുന്നത് ഇങ്ങനെ :
"Banana എന്ന ഒരു ഇംഗ്ലീഷ് പദമുണ്ട്. അതിനു സാമാന്യാര്‍ത്ഥവും ഒരു സവിശേഷാര്‍ത്ഥവുമുണ്ട്.എല്ലാത്തരം വാഴപ്പഴങ്ങള്‍ക്കും പൊതുവെ ഉപയോഗിക്കപ്പെടുന്ന ഒരു പേരാണിത്. അതേയവസരത്തില്‍ വാഴപ്പഴങ്ങളില്‍ ഒന്നായ നേന്ത്ര(ഏത്ത)പ്പഴത്തിനു പ്രത്യേകമായും ഈ പദം ഉപയോഗിക്കാറുണ്ട്. അതുകൊണ്ടാണ് എന്‍ ബി എസ് ഇംഗ്ലീഷ് നിഘണ്ടുവില്‍ 'ഏത്തവാഴ, നേന്ത്രവാഴ, മഹേന്ദ്രകദളി, ഏത്തക്കായ്, ഏത്തപ്പഴം, നേന്ത്രപ്പഴം, വാഴ, വാഴപ്പഴം' എന്ന് പദത്തിന് അര്‍ത്ഥം കൊടുത്തിട്ടുള്ളത്. ഈ സ്ഥിതിയ്ക്ക് ബനാനയുടെ കൃഷിയെന്നോ കയറ്റുമതി കച്ചവടമെന്നോ ഇംഗ്ലീഷ് വാര്‍ത്തയില്‍ വന്നാല്‍ സന്ദര്‍ഭം നോക്കി തര്‍ജമ ചെയ്യണം.  ഇതൊന്നുമാലോചിക്കാതെ ബനാന എന്ന പദം കേട്ടാലുടന്‍ നേന്ത്ര (ഏത്ത) പ്പഴമെന്ന് ധരിച്ച് തര്‍ജമ ചെയ്യുകയാണ് നമ്മുടെ പത്രങ്ങളില്‍ സാധാരണ കണ്ടുവരുന്നത്. നേന്ത്ര (ഏത്ത) വാഴ കൃഷി ഇല്ലാത്ത പല സംസ്ഥാനങ്ങളില്‍ നിന്നും ഈ പഴം കയറ്റി അയയ്ക്കുന്നതായി നമ്മുടെ പത്രങ്ങള്‍ വായിച്ചാല്‍ കാണാം. മൂലകൃതിയുടെ അര്‍ത്ഥം മനസിലാകാതെ നടത്തുന്ന തര്‍ജമയുടെ ഒരുദാഹരണം മാത്രമാണിത്."
 പലതരം വാഴപ്പഴങ്ങള്‍ കൃഷിചെയ്യുന്ന നമുക്ക് അവയെക്കുറിക്കാന്‍ ഭാഷയില്‍ വെവ്വേറെ പദങ്ങളുണ്ടെങ്കിലും ബനാന എന്ന് ഇംഗ്ലീഷില്‍ പറയുന്നത് വാഴപ്പഴങ്ങളെ പൊതുവായിട്ടാണ്;  അങ്ങനെ ഇംഗ്ലീഷില്‍ കണ്ടാല്‍ അത് ‘വാഴപ്പഴ’മാണെന്നും അല്ലാതെ ‘നേന്ത്ര(ഏത്ത)പ്പഴ’മാണെന്ന് ധരിച്ചുകളയരുത് - ഇത്രയുമാണ് ഇ.എം.എസ് എഴുതിയതിന്റെ പൊരുള്‍ എന്ന് ഓക്സ്ഫോഡിന്റെ വരാന്തയില്‍ ജനിക്കാത്ത ജനത്തിനും മുകളിലെഴുതിയത് വായിച്ചാല്‍ മനസിലാകുന്നതേയുള്ളൂ.  പക്ഷേ കാലിയായ ചില കട്ടര്‍മാര്‍ക്ക് അതു മനസിലാവില്ല.  അവര്‍ ഉടന്‍ ‘ഇ.എം.എസ് ഇതാ ബനാനയ്ക്ക് നേന്ത്രപ്പഴമെന്ന സവിശേഷാര്‍ത്ഥം കണ്ടുപിടിച്ചേ’ എന്ന് കൂവിയാര്‍ക്കും. എന്നിട്ട് അതിനു ഞഞ്ഞാ മിഞ്ഞാ ഭാഷ്യവും ചമയ്ക്കും.

കാരണം ഇത് രോഗം വേറെയാണ്.. ഇഎംഎസ് പറയുന്നത് കേള്‍ക്കുക: വെറും രണ്ടുദാഹരണങ്ങള്‍ മാത്രമേ ഇവിടെ കൊടുത്തിട്ടുളളൂ. പക്ഷേ, നമ്മുടെ ചര്‍ച്ചാ വിഷയത്തെ സംബന്ധിച്ച് എനിക്കുളള ധാരണ വ്യക്തമാക്കാന്‍ ഇത് സഹായിക്കുമെന്ന് തോന്നുന്നു. എന്റെ ഈ ധാരണ തെറ്റാണെങ്കില്‍ അതും, അല്ലെങ്കില്‍ ഇന്ന് തെറ്റായ രീതിയില്‍ ആയിരക്കണക്കിന് നടക്കുന്ന പദപ്രയോഗങ്ങളും തിരുത്തണമെന്ന് എനിക്കു തോന്നുന്നു...

തന്റെ ധാരണ തെറ്റാണെങ്കില്‍ അതു തിരുത്തണം എന്ന അഭ്യര്‍ത്ഥനയോടെ ഒരു ചര്‍ച്ചയിലിടപെട്ട വ്യക്തിയുടെ നിലപാടുകളെ അരുളിച്ചെയ്യല്‍, തിരുവുളളക്കേട് എന്നൊക്കെ ആക്ഷേപിച്ച് കേമത്വം നടിക്കുന്ന മന്ദബുദ്ധിയായ കാലിക്കട്ടറെ തിരുത്തുക ഈ ലേഖനത്തിന്റെ ലക്ഷ്യമല്ല. സംവാദത്തില്‍ സ്വന്തം നിലപാട് അവതരിപ്പിക്കുന്നവരെ കൂവിയിരുത്താന്‍ നോക്കുന്നവര്‍ അറിയുന്നില്ല, ഉടുതുണിയില്ലാതെയാണ് തങ്ങള്‍ ആ കൃത്യം ചെയ്യുന്നതെന്ന്.

അവരോട് സഹതപിക്കുക.

7 comments:

  1. കലിക്കോടരുടെ ബ്ലോഗിന്റെ ആദ്യ മുദ്രാവാക്യം ‘Targeting the Idiots' എന്നായിരുന്നു. പിന്നീടത് 'Targeting Idiocy' ആയി. ഇഡിയറ്റ്സ് ആരൊക്കെയെന്നാല്‍ ഇ എം എസ്, എം എ ബേബി, ഡോ. ബി ഇക്ബാല്‍ തുടങ്ങിയവര്‍. അയാളുടെ ബ്ലോഗെഴുത്ത് വെറും അല്പത്തരമാണ്.

    ഇംഗ്ലീഷിലുള്ള സാഹിത്യകൃതികളല്ല, ശാസ്ത്രലേഖനങ്ങള്‍ വായിക്കുമ്പോള്‍ പോലും ആ ഭാഷയുടെ സൌന്ദര്യം നമ്മളെ അദ്ഭുതപ്പെടുത്തും.
    ഈ മഹാപണ്ഡിതന്റെ ഇംഗ്ലീഷ് ബ്ലോഗുകള്‍ വായിച്ചു നോക്കുക. പാണ്ഡിത്യം കൂടിയതുകൊണ്ടാണോ എന്നറിയില്ല, ഇദ്ദേഹത്തിന്റെ ഇംഗ്ലീഷിന് ഇത്ര വൈരൂപ്യം.

    ReplyDelete
  2. good shyam..

    but even strong and serious critics of EMS would not fail to see this calicut baffoon's stupidities..and didnt you read in his first blog, a declarative sentence that "EMS does not have knowledge". First, he reaches some conclusion and then he makes his claims accordingly.

    better leave him alone. he seems to be in the final stages of insanity and unashamedly self-centric.

    salute

    ReplyDelete
  3. പാവം പാവം കാലിക്കോ......”വിനാശ കാലേ വിപരീത ബുദ്ധി”!

    ReplyDelete